അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ ശരീരത്തെ വൃണം പഴുത്ത് പുഴു അരിച്ചെന്ന് പരാതി. എരമല്ലൂര്‍ എഴുപുന്ന പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ കട്ടേഴത്ത് കോളനിയില്‍ ജ്യോതിഷിന്റെ ഭാര്യ ജാസ്മിന്‍ (21) ന്റെ ദേഹത്തെ മുറിവാണ് വലുതായി പഴുപ്പു കയറി പുഴു അരിച്ചത്. കഴിഞ്ഞ ഏഴിന് ഭർത്താവിനൊപ്പം ബൈക്കില്‍ തുറവൂരിലേക്ക് പോകവെ ലോറി ബൈക്കില്‍ തട്ടിയാണ് അപകടം ഉണ്ടായത്. ജാസ്മിന്റെ ഇടുപ്പ് എല്ലിനും ശരീരത്തിന്റെ പല ഭാഗങ്ങളിലും പരിക്കേറ്റിരുന്നു. തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എട്ടുമാസം ഗര്‍ഭിണി ആയിരുന്ന ജാസ്മിനെ എട്ടിന് സിസേറിയന്‍ ചെയ്ത് കുട്ടിയെ പുറത്തെടുത്തു. അപകടത്തില്‍ കുഞ്ഞിന്റെ തലയ്ക്കും പരിക്കേറ്റതിനാല്‍ കുട്ടികളുടെ ഐ.സി.യുവിലേക്ക് കുഞ്ഞിനെ മാറ്റി. ജാസ്മിന്റെ ഇടുപ്പെല്ലിന് നാലു ശസ്ത്രക്രിയകള്‍ വേണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.16 ന് ആദ്യത്തെ ശസ്ത്രക്രിയ നടത്താനായി തീയേറ്ററില്‍ കിടത്തിയപ്പോള്‍ ഡോക്ടര്‍ ഇവരുടെ പിന്നിലെ മുറിവു കാണുകയും പുഴു അരിക്കുന്നുണ്ടെന്ന് കൂടെ നിന്ന ഹൗസ് സര്‍ജന്മാരോട് പറയുന്നത് ജാസ്മിന്‍ കേട്ടിരുന്നുവത്രെ. ശസ്ത്രക്രിയക്കു ശേഷം പതിനെട്ടാം വാര്‍ഡില്‍ പ്രവേശിപ്പിച്ച ജാസ്മിന് കടുത്ത വേദനയും പിന്‍ഭാഗത്തെ മുറിവ് പഴുക്കുകയും ആയിരുന്നു. ഇതിന് ശേഷം മെയിന്‍ ഡോക്ടര്‍ വാര്‍ഡില്‍ പരിശോധനയ്ക്കായി എത്തിയിട്ടില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ഹൗസ് സര്‍ജന്മാര്‍ വരുന്നുണ്ടെങ്കിലും അവരോട് പറഞ്ഞിട്ടും ശ്രദ്ധിക്കുന്നില്ലെന്നാണ് ജ്യോതിഷ് പറയുന്നത്. സൂപ്രണ്ട് ഡോ.സജീവ് ജോര്‍ജ് പുളിക്കലിനോട് പരാതി പറഞ്ഞിട്ടും പ്രയോജനമുണ്ടായില്ലെന്നും ഇവര്‍ പറയുന്നു. മറ്റ് ആശുപത്രിയിലേക്ക് പോകണമെങ്കില്‍ സ്വന്തം റിസ്ക്കില്‍ പോകാനാണ് പരിശോധനയ്ക്ക് വാര്‍ഡിലെത്തുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ പറയുന്നതെന്നും ഭര്‍ത്താവ് ജ്യോതിഷ് പറയുന്നു. ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
സർക്കാർ മെഡിക്കൽ കോളേജിൽ ഗർഭിണിയുടെ മുറിവിൽ പുഴുവരിച്ചു, പരാതി പറഞ്ഞിട്ടും തിരിഞ്ഞുനോക്കാതെ ഡോക്ടർമാർ