കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 10നു സെക്രട്ടേറിയറ്റിലാണു കൂടിക്കാഴ്ച. കേസിന്റെ തുടരന്വേഷണം സര്‍ക്കാര്‍ അട്ടിമറിച്ചെന്നാരോപിച്ച് അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള ഇടതു മുന്നണി നേതാക്കള്‍, ഹര്‍ജിയില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചിരുന്നു. സര്‍ക്കാര്‍ അതിജീവിതയ്ക്കൊപ്പമാണെന്നും കേസില്‍ ഉന്നതന്റെ അറസ്റ്റോടെ സര്‍ക്കാര്‍ നിലപാട് വ്യക്തമായതാണെന്നും നീതി ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കുകയുമുണ്ടായി. ഈ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച നടക്കുന്നത്. കേസ് അട്ടിമറിച്ചുവെന്നാരോപിച്ച് നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാരിനും വിചാരണക്കോടതിക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് അതിജീവിത ഉന്നയിച്ചിരിക്കുന്നത്. നല്ല നിലയില്‍ മുന്നോട്ട് നീങ്ങിയ അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നും ഇതിനു പിന്നില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടെന്നുമാണ് ഹര്‍ജിയിലെ ആരോപണം.
ദിലീപിന്റെ ഭാര്യ കാവ്യ മാധവനെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാന്‍ ശ്രമം നടക്കുന്നതിനിടെ അപ്രതീക്ഷിതമായി അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. ഇതു കേസിനെ ബാധിക്കുകയും പ്രതികള്‍ക്കു ഗുണകരമാവുകയും ചെയ്തുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
ദിലീപ് തെളിവ് നശിപ്പിച്ചെന്നും സാക്ഷികളെ സ്വാധീനിച്ചെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്. ദിലീപിനു ഭരണമുന്നണിയുമായി ഗൂഢബന്ധമുണ്ട്.പ്രതിഭാഗം അഭിഭാഷകരും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു. തുടരന്വേഷണം അഭിഭാഷകരിലേക്ക് എത്തിയില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. അന്വേഷണം തടസപ്പെടുത്തി പ്രതികളെ സഹായിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നാണ് വിചാരണക്കോടതിക്കെതിതായ ഹര്‍ജിയിലെ ആരോപണം. ഈ സാഹചര്യത്തില്‍ നീതി ലഭിക്കാന്‍ ഹൈക്കോടതി ഇടപെടണമെന്നാണ് അതിജീവിതയുടെ ആവശ്യം.
ഹര്‍ജി ഇന്നു പരിഗണിച്ച ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ സര്‍ക്കാരിനോട് വിശദീകരണം തേടി. വെള്ളിയാഴ്ച രേഖാമൂലം വിശദീകരണം നല്‍കാനാണു നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം, അതിജീവിത സര്‍ക്കാരിനെതിരെ ഉന്നയിച്ച ആരോപണം തെറ്റാണെന്നും ആരോപണം ഉന്നയിക്കാനുള്ള സാഹചര്യമെന്താണെന്ന് അറിയില്ലെന്നുമാണു ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയില്‍ നിലപാടെടുത്തത്. ഹര്‍ജി പിന്‍വലിക്കണമെന്നാണ് സര്‍ക്കാരിന്റെ അഭ്യര്‍ഥനയെന്നും ഡിജിപി കോടതിയെ അറിയിച്ചു.