കൊല്ലം: ഭര്‍ത്തൃപീഡനത്തെ തുടര്‍ന്ന് ബി.എ.എം.എസ്. വിദ്യാര്‍ഥിനി വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ ഇന്ന് വിധി പറയാനിരിക്കെ ഭര്‍ത്താവ് കിരണിന്റെ സ്ത്രീധന ‘ആര്‍ത്തി’ വ്യക്തമാകുന്ന ഫോണ്‍ സംഭാഷണം പുറത്ത്. ഇഷ്ടപ്പെട്ട കാര്‍ ഹോണ്ട സിറ്റി, വില കൂടിയതിനാലാണ് വെന്റോ മതിയെന്ന് പറഞ്ഞതെന്ന് കിരണ്‍കുമാര്‍ പറയുന്നത് ശബ്ദരേഖയിൽ വ്യക്തമാണ്. തനിക്ക് ഇഷ്ടപ്പെട്ട കാറല്ല സ്ത്രീധനമായി ലഭിച്ചതെന്നും വിസ്മയയുടെ വീട്ടുകാര് വാങ്ങി നല്കിയ കാറ് കണ്ടപ്പോള് തന്റെ കിളി പോയെന്നും കിരണ്‍ കുമാര്‍ പറയുന്നു.’വെന്റോ എടുത്ത് തരാമെന്ന് ഫിക്സ് ചെയ്ത് വെച്ചതല്ലേ പിന്നെ എന്താണ് ഈ സാധനം എടുത്ത് അവിടെ വെച്ചിരിക്കുന്നത്. രാത്രി ഞാന് വന്നപ്പോഴാ ഈ സാധനം ഞാന് കാണുന്നത്. അപ്പഴേ എന്റെ കിളി അങ്ങ് പറന്നുപോയി’- തലേദിവസമായത് കൊണ്ടാണ് കല്യാണത്തില്‍ നിന്ന് പിന്‍മാറാത്തതതെന്നും ഇയാള്‍ വിസ്മയയോട് പറയുന്നു. നേരത്തെ കിരണ്‍ കുമാര്‍ തന്നെ ഉപദ്രവിക്കുകയാണെന്ന് വിസ്മയ അച്ഛനോട് പരാതിപ്പെടുന്ന ഫോണ്‍ സംഭാഷണവും പുറത്ത് വന്നിരുന്നു. ഇവിടെ നിര്‍ത്തിയിട്ട് പോവുകയാണെങ്കില്‍ എന്നെ കാണത്തില്ല. എന്നെകൊണ്ട് പറ്റത്തില്ല അച്ഛാ. എനിക്ക് പേടിയാ. നോക്കിക്കോ..’ എന്നായിരുന്നു വിസ്മയ അച്ഛനോട് പറഞ്ഞത്. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കകമാണ് ഈ സംഭാഷണം നടന്നത്. വിസ്മയ ശാരീരിക മാനസിക പീഡനം ഏറ്റിരുന്നു എന്നതിന്റെ തെളിവാണ് ശബ്ദസന്ദേശം. 101 പവൻ സ്വർണവും 1.2 ഏക്കർ സ്ഥലവും കാറും നൽകാമെന്നാണ് പറഞ്ഞിരുന്നതെന്നും എന്നാൽ . കോവിഡ് കാരണം 80 പവൻ നൽകാനെ കഴിഞ്ഞുള്ളുവെന്നും വിവാഹത്തിന്റെ തലേന്നു വീട്ടിലെത്തിയ കിരൺ വേറെ കാർ വേണമെന്നു വിസ്മയയോടു പറഞ്ഞതായും വിസ്മയുടെ പിതാവ് ത്രിവിക്രമൻനായർ കോടതിയിൽ മൊഴി നൽകിയിരുന്നു. വിവാഹശേഷം ‘പാട്ടക്കാറും വേസ്റ്റ് പെണ്ണും ഇവിടെ നിൽക്കട്ടെ’ എന്നു പറഞ്ഞ്, വിസ്മയ അണിയിച്ച മാല ഊരി തന്റെ മുഖത്ത് എറിഞ്ഞശേഷം കിരൺ ഇറങ്ങിപ്പോയെന്നും ത്രിവിക്രമൻനായർ കോടതിയിൽ പറഞ്ഞിരുന്നു. വിസ്മയ ഭര്‍തൃവീട്ടില്‍ അനുഭവിച്ച് ദുരിതങ്ങളുടെ ശബ്ദരേഖകള്‍ ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ തെളിവുകളാണ് കേസിൽ നിര്‍ണായകമാവുക. രാവിലെ 11 മണിക്കാണ് കൊല്ലം ഒന്നാം അഡിഷനൽ സെഷൻസ് ജഡ്ജി കെ.എൻ. സുജിത്ത് വിധി പറയുക.
‘കാര്‍ കണ്ടതും തന്റെ കിളി പറന്നു’; വിസ്മയയോട് വിലപേശുന്ന കിരണ്‍; ശബ്ദരേഖ പുറത്ത്