കൊല്ലം: നിലമേലിലെ മെഡിക്കൽ വിദ്യാർത്ഥിനി വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് കിരൺ കുമാർ കുറ്റക്കാരനെന്ന് കോടതി
കൊല്ലം ഒന്നാം അഡീഷനൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്. 304 ബി, 498എ, 306 എന്നീ വകുപ്പുകൾ പ്രകാരമാണ് കിരൺ കുറ്റക്കാരനെന്ന് കോടതി വിധിച്ചത്. വിധി കേള്‍ക്കാന്‍ വിസ്മയയുടെ പിതാവും ബന്ധുക്കളും കോടതിയില്‍ എത്തിയിരുന്നു. അമ്മ ഉള്‍പ്പെടെ വീട്ടിലിരുന്നാണ് വിധി കേട്ടത്. 11 മാസങ്ങൾക്ക് ശേഷമാണ് കേസിൽ വിധി വരുന്നത്. സ്ത്രീധനം ആവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന ഭർത്താവ് കിരൺകുമാറിന്‍റെ നിരന്തര പീഡനത്തെ തുടർന്ന് വിസ്മയ ആത്മഹത്യ ചെയ്തുവെന്നാണ് കേസ്. 507 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് 41 സാക്ഷികളെ വിസ്തരിക്കുകയും 12 തൊണ്ടിമുതലുകള്‍ നല്‍കുകയും 118 രേഖകള്‍ തെളിവായി ഹാജരാക്കുകയും ചെയ്തു. പ്രതിയുടെ പിതാവ് സദാശിവന്‍പിള്ള, പ്രതിയുടെ സഹോദരി കീര്‍ത്തി, ഭര്‍ത്താവ് മുകേഷ് എം.നായര്‍, പ്രതിയുടെ പിതാവിന്റെ സഹോദര പുത്രന്‍ അനില്‍കുമാര്‍, ഭാര്യ ബിന്ദു കുമാരി എന്നീ 5 സാക്ഷികള്‍ വിസ്താരത്തിനിടെ കൂറുമാറി
വിസ്മയ കേസ്: ഭർത്താവ് കിരൺ കുറ്റക്കാരൻ; കേരളം നടുങ്ങിയ സംഭവത്തിന്റെ കേസ് വഴി ഇങ്ങനെ