തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വർഗീയതയുടെ പ്രചാരകരെ നിയന്ത്രിക്കാൻ സർക്കാറിന് കഴിയുന്നില്ലെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കൊടുത്ത സത്യവാങ്മൂലം പി.സി.ജോര്‍ജിനെ നിയന്ത്രിക്കാനാകുന്നില്ല എന്നാണ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് മുൻപ് വീണ്ടും അറസ്റ്റ് നാടകം നടത്താനുള്ള തിരക്കഥയാണ് സർക്കാരിന്റേതെന്നും സതീശൻ ആരോപിച്ചു. ആദ്യത്തെ വിദ്വേഷ പ്രസംഗ കേസിൽ നിബന്ധനങ്ങൾക്ക് വിധേയമായാണ് കോടതി പി.സി. ജോർജിന് ജാമ്യം അനുവദിച്ചത്. എന്നാൽ, ജാമ്യം ലഭിച്ച് പുറത്തിറങ്ങി ഏതാനും മണിക്കൂറുള്ളിൽ പി.സി ജോർജ് നിലപാട് ആവർത്തിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനിടെ വെണ്ണലയിൽ ജോർജ് വിദ്വേഷ പ്രസംഗം ആവർത്തിക്കുകയും ചെയ്തു. ‘വെളുപ്പിന് ജോർജിനെ അറസ്റ്റ് ചെയ്തെന്നു വരുത്തി തീർത്തു. അദ്ദേഹത്തിന്റെ മകനും സ്വന്തം കാറിൽ തിരുവനന്തപുരം വരെ സഞ്ചരിച്ചു. വഴിയിൽ സംഘപരിവാറിന്റെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി. കോടതിയിൽ എത്തിയപ്പോൾ പബ്ലിക് പ്രോസിക്യൂട്ടർ അപ്രത്യക്ഷനായി. എഫ്ഐആറിൽ കേസുമായി ബന്ധപ്പെട്ട് ഒന്നുമില്ലെന്ന് മജിസ്ട്രേറ്റ് തന്നെ പറഞ്ഞു. കൃത്യമായ സത്യവാങ്മൂലം സർക്കാർ കോടതിയിൽ സമർപ്പിക്കാതിരുന്നതും കോടതിയിൽ പ്രോസിക്യൂട്ടർ ഹാജരാകാതിരുന്നതും അറസ്റ്റ് ചെയ്ത പ്രതിയെ സ്വന്തം വാഹനത്തിൽ യാത്ര ചെയ്യാൻ പൊലീസ് അനുവദിച്ചതും എന്തു കൊണ്ടാണ് സർക്കാർ ഉത്തരം പറയണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
വർഗീയതയുടെ പ്രചാരകരെ നിയന്ത്രിക്കാൻ സർക്കാറിനാകുന്നില്ല, ഇത് നാടകം: വി.ഡി. സതീശന്‍
