തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിന്റെ പുതിയ ആരോപണങ്ങള്‍ സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുകയാണ്. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിലെത്തി സ്വപ്ന സുരേഷ് നടത്തിയ പ്രസ്താവന വിവാദമായതോടെ സംസ്ഥാനത്തെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ജനങ്ങളുടെ സംശയദൃഷ്ടിയിലായി.
കൊല്ലുമെന്ന് വരെ എം വി ഗോവിന്ദനുവേണ്ടി ഇടനിലക്കാരന് വിജയ് പിള്ള ഭീഷണിപ്പെടുത്തിയെന്നുവരെ സ്വപ്ന വെളിപ്പെടത്തി. ഗുരുതരമായ വെളിപ്പെടുത്തല്‍ തനിക്കെതിരെയുണ്ടായിട്ടും ഇന്നലെ വ്യക്തമായ പ്രതികരണം നടത്താതെ എം വി ഗോവിന്ദന് കഴിഞ്ഞദിവസം ഒഴിഞ്ഞുമാറി.
പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം സ്വപ്ന സുരേഷിന്റെ ആരോപണങ്ങളോട് പ്രതികരിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് രംഗത്തെത്തി. ആരോപണം മുഖവിലയ്ക്കെടുക്കുന്നേയില്ല. തിരക്കഥ തയ്യാറാക്കുമ്പോള്‍ നല്ല ഗൗരവമുള്ളത് തയ്യാറാക്കണം;നിയമപരമായി കൈകാര്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘എനിക്ക് വിജേഷ് പിള്ള എന്നൊരാളെ അറിയില്ല. പിന്നെ കണ്ണൂരില്‍ പിള്ളമാരില്ല. ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയമാണ്. ഒരു കാര്യവും മറച്ചുവയ്ക്കണമെന്ന് പറഞ്ഞ് ഞങ്ങള്‍ ആരെയും സമീപിക്കുന്ന പ്രശ്നമില്ല. എല്ലാം പുറത്തുപറഞ്ഞോട്ടെ. ആരായാലും. ആ പ്രതിയോട് തന്നെ പറയുകയാണ്, നിങ്ങള്‍ക്ക് എന്തൊക്കെയാണോ വിശദീകരിക്കാനുള്ളത് വിശദീകരിച്ചോ.നിങ്ങളുടെ തിരക്കഥയൊന്നും ഇവിടെ ഏശാന്‍ പോകുന്നില്ല. നിങ്ങള്‍ ആഗ്രഹിച്ച പോലെ കാര്യങ്ങള്‍ നടക്കുമെന്ന പ്രതീക്ഷ വേണ്ട.’- എം വി ഗോവിന്ദന് വ്യക്തമാക്കി. ജാഥയെ തടയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനംവിട്ടുപോയാല് പുതിയ ജീവിതം കെട്ടിപ്പെടുക്കാനുള്ള പണമായി 30 കോടി രൂപ നല്‍കാമെന്ന് വിജയ് പിള്ള വാഗ്ദാനം ചെയ്തിരുന്നെങ്കിലും താന്‍ അത് സ്വീകരിച്ചില്ലെന്നും സ്വപ്ന ലൈവില്‍ വെളിപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമെതിരായ തെളിവുകള്‍ കൈമാറുക, ആരോപണങ്ങളില്‍ നിന്ന് പിന്മാറുക എന്നീ കാര്യങ്ങളാണ് ഇയാള്‍ പണത്തിനുപകരമായി ആവശ്യപ്പെട്ടതെന്നും സ്വപ്ന പറയുന്നുണ്ട്. കൂടിക്കാഴ്ചയുടെ ചിത്രങ്ങളും വാട്സാപ് ചാറ്റുകളും കേന്ദ്ര ഏജന്‍സികള്‍ക്കടക്കം നല്കിയ പരാതിയുടെ വിശദവിവരങ്ങളും സ്വപ്ന പുറത്തുവിട്ടു. കൂടിക്കാഴ്ചയുടെ തെളിവും സംസാരിച്ച വിവരങ്ങളും അഭിഭാഷകന് വഴി കര്‍ണാടക ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും (ഇഡി) കൈമാറിയെന്നും പറഞ്ഞു.

ഫേസ്ബുക് ലൈവിലും പിന്നീടു പുറത്തുവിട്ട ഇമെയിലിലും വിജയ് പിള്ള എന്ന പേരാണ് സ്വപ്ന പരാമര്‍ശിച്ചതെങ്കിലും പുറത്തുവിട്ട വാട്സാപ് ചാറ്റില്‍ ഈ വ്യക്തി വിജേഷ് പിള്ള എന്നാണു സ്വയം പരിചയപ്പെടുത്തുന്നത്. വിജേഷ് പിള്ള നാട്ടില്‍ അറിയപ്പെടുന്നത് വിജേഷ് കൊയിലേത്ത് എന്ന പേരില്‍. ആന്തൂര്‍ നഗരസഭയിലെ കടമ്പേരി ചുഴലി ഭഗവതി ക്ഷേത്രത്തിനടുത്തായിരുന്നു താമസം. എം വിഗോവിന്ദന്റെ മൊറാഴയിലെ വീട്ടില്‍നിന്ന് 5 കിലോമീറ്റര്‍ അകലെയാണു വിജേഷിന്റെ കുടുംബവീട്.
സ്വപ്നയുടെ വെളിപ്പെടുത്തലിനുപിന്നാലെ വിജയ് പിള്ളയും തന്റെ ഭാഗം ന്യായീകരിച്ച് രംഗത്തെത്തി. സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ ഞെട്ടിച്ചെന്നു വിജേഷ് പിള്ള പ്രതികരിച്ചത്. സത്യത്തിന്റെ കണികപോലും ആരോപണങ്ങളിലില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ല. ബെംഗളൂരുവിലെ ഹോട്ടലില്‍ സ്വപ്നയുടെ മക്കളുടെയും സുഹൃത്തിന്റെയും സാന്നിധ്യത്തിലാണ് വെബ്സീരീസിന്റെ കാര്യം സംസാരിച്ചു ഭക്ഷണം കഴിച്ചുപിരിഞ്ഞത്. ഇഡി തനിക്കെതിരെ അന്വേഷണം നടത്തുന്നതായി അറിയില്ലെന്നും വിജേഷ് പറഞ്ഞു. ‘ഒടിടി പ്ലാറ്റ്ഫോമിനു വെബ് സീരീസ് നിര്‍മ്മിക്കുന്ന കാര്യം സംസാരിക്കാനാണു സ്വപ്നയെ കണ്ടത്. ഇപ്പോള്‍ കേരളത്തിലുണ്ട്; കര്‍ണാടക പൊലീസിന്റെ കസ്റ്റഡിയിലല്ല. പിണറായി വിജയനെയും എം വിഗോവിന്ദനെയും ഒരിക്കല്‍പോലും നേരിട്ടുകണ്ടിട്ടില്ല.’ വിജേഷ് പിള്ള പറഞ്ഞു.
സിപിഎമ്മുമായോ എം വിഗോവിന്ദനുമായോ മകനു ബന്ധമില്ലെന്നു വിജയ് പിള്ളയുടെ പിതാവ് ഗോവിന്ദനും പ്രതികരിച്ചു. സ്വപ്ന ഉന്നയിച്ച കാര്യങ്ങള്‍ വിശ്വസിക്കുന്നില്ല. ഏറെ നാളുകളായി മകനു നാടുമായി വലിയ ബന്ധമില്ല. ഒരു മാസം മുന്‍പാണ് വീട്ടില്‍ വന്നുപോയതെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരു മല്ലേശ്വരം ബ്രിഗേഡ് ഗേറ്റ്വേ ക്യാംപസിലെ വേള്‍ഡ് ട്രേഡ് സെന്ററിലാണ് വിജേഷ് സിഇഒ ആയി പ്രവര്‍ത്തിക്കുന്ന ആക്ഷന്‍ ഒടിടി എന്ന ഓണ്‍ലൈന്‍ വിഡിയോ സ്ട്രീമിങ് സ്ഥാപനം. ബ്രോഡ്കാസ്റ്റിങ്, മീഡിയ പ്രൊഡക്ഷന്‍ കമ്പനിയായ ഡബ്ല്യുജിഎന്‍ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റേതാണിത്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം തുടങ്ങുന്നതായി 2021 ജൂലൈ ആദ്യം കൊച്ചിയില്‍ പത്രസമ്മേളനം നടത്തി വിജേഷ് പ്രഖ്യാപിച്ചിരുന്നു.
കമ്പനിയുടെ കൊച്ചിയിലെ ഓഫിസ് അധികകാലം പ്രവര്‍ത്തിച്ചില്ല. വാടക കുടിശിക വരുത്തിയാണ് ഓഫിസ് പൂട്ടിപ്പോയതെന്ന് ഇടപ്പള്ളിയിലെ കെട്ടിടം ഉടമ ജാക്സണ് മാത്യു പറഞ്ഞു. ഡബ്ല്യുജിഎന്‍ പ്രൊഡക്ഷന്‍സ് എന്ന പേരില്‍ മലയാള സിനിമാ നിര്‍മ്മാണത്തിനും വിജേഷ് പിള്ള ശ്രമിച്ചിരുന്നു. ചലച്ചിത്ര നിര്‍മ്മാണത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിക്കുന്ന റാക്കറ്റിന്റെ ഭാഗമാണോ എന്ന സംശയത്തില്‍ വിജേഷിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഇഡി അന്വേഷണം തുടങ്ങിയിരുന്നു.
എം.എ.യൂസഫലിയെക്കുറിച്ചു സ്വപ്ന നടത്തിയ പരാമര്‍ശത്തോടു പ്രതികരിക്കുന്നില്ലെന്നു ലുലു ഗ്രൂപ്പ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി.നന്ദകുമാര്‍ വ്യക്തമാക്കി.
സ്വര്‍ണക്കടത്തു കേസില്‍ ഇടനിലക്കാര്‍ വഴി ഒത്തുതീര്‍പ്പ് ശ്രമമെന്ന സ്വപ്നയുടെ ആരോപണം ഇതു രണ്ടാം തവണയാണ്. എഡിജിപി എം.ആര്. അജിത്കുമാര്‍, വസ്തു ഇടപാടുകാരനും മുന്‍ മാധ്യമപ്രവര്‍ത്തകനുമായ ഷാജ് കിരണ്‍ എന്നിവര്‍ വഴി ഒത്തുതീര്‍പ്പിനു ശ്രമമുണ്ടായെന്നായിരുന്നു ആദ്യ ആരോപണം. മുഖ്യമന്ത്രിക്കും കുടുംബത്തിനും വേണ്ടി കേസ് ഒത്തുതീര്‍ക്കാന്‍ ഷാജ് കിരണ്‍ പാലക്കാട്ടെത്തി തന്നെ കണ്ടു സംസാരിച്ചെന്ന് ആരോപിച്ച സ്വപ്ന ശബ്ദരേഖകളും പുറത്തുവിട്ടിരുന്നു.
വിഷയത്തില്‍ തങ്ങളെ കണക്ട് ചെയ്യുന്ന കാര്യങ്ങള്‍ ഇല്ലെന്നാണ് സിപിഎം ആദ്യം പ്രതികരിച്ചത്. കണക്ട് ചെയ്യുന്ന കാര്യങ്ങള്‍ വന്നാല്‍ മാത്രം കാര്യമായി പ്രതികരിച്ചാല്‍ മതിയെന്നാണ് പാര്‍ട്ടിയും സര്‍ക്കാറും ആരോപണങ്ങള്‍ വന്നപാടെ
തീരുമാനിച്ചിരുന്നത്.