കോട്ടയം: എരുമേലിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടു പേര്‍ മരിച്ചു. കണമല സ്വദേശി ചാക്കോച്ചൻ പുറത്തേൽ (65),പ്ലാവനക്കുഴിയില്‍ തോമാച്ചന്‍ (60) എന്നിവരാണു മരിച്ചത്.രാവിലെ വീടിന് സമീപത്തിരിക്കുകയായിരുന്ന ചാക്കോയെ കാട്ടുപോത്ത് ഓടിയെത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ ചാക്കോ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ചാക്കോയുടെ കാലുകൾ രണ്ടും ഒടിഞ്ഞ നിലയിലാണ് ആശുപത്രിയിലെത്തിച്ചത്.ചാക്കോയെ ആക്രമിച്ചതിന് ശേഷം പോത്ത് തോമസിനെയും ആക്രമിക്കുകയായിരുന്നു. ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ എത്തിച്ച തോമസ് പിന്നീടു മരണത്തിനു കീഴടങ്ങുകയായിരുന്നു.
ഇതിനിടെ, കൊല്ലത്തും കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ ഒരാൾ മരിച്ചു. കഴിഞ്ഞ ദിവസം നാട്ടിലെത്തിയ പ്രവാസിയായ ഇടമുളയ്ക്കൽ കൊടിഞ്ഞൽ സ്വദേശി വർഗീസ് (60) ആണ് മരിച്ചത്. ഇന്നു രാവിലെ വീടിനോടു ചേർന്ന വീടിനോട് ചേർന്നുള്ള പറമ്പിൽ നിൽക്കവെ കാട്ടുപോത്ത് പിന്നിൽനിന്ന് ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ വർഗീസിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വനമേഖലയല്ലാത്ത ആ പ്രദേശത്ത് കാട്ടുപോത്ത് വന്നത് എങ്ങനെയെന്ന് വ്യക്തമല്ല. കാട്ടുപോത്തിനെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി.