ജനീവ: ലോക രാജ്യങ്ങളില്‍ കുരങ്ങുപനി വ്യാപിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്കാനഡയ്ക്ക് പിന്നാലെ ഫ്രാന്‍സ്, ജര്‍മനി, ബെല്‍ജിയം അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലും കുരങ്ങുപനി സ്ഥിരീകരിച്ചതോടെ അടിയന്തര യോഗം വിളിച്ച് ലോകാരോഗ്യ സംഘടന. ആഫ്രിക്കന്‍ ഭാഗങ്ങളില്‍ മാത്രം കണ്ടുവന്നിരുന്ന കുരങ്ങുപനി യൂറോപ്പ്, അമേരിക്ക തുടങ്ങിയ മേഖലകളിലേക്ക് വ്യാപിക്കുന്നതില്‍ ലോകാരോഗ്യ സംഘടന ഉള്‍പ്പെടെയുള്ള ആരോഗ്യ ഏജന്‍സികള്‍ ആശങ്കയിലാണ്. മധ്യ-പടിഞ്ഞാറന്‍ ആഫ്രിക്കയുടെ വിദൂര ഭാഗങ്ങളില്‍ കുരങ്ങുപനി ഏറ്റവും സാധാരണമാണ്. ഇതൊരു അപൂര്‍വ വൈറല്‍ അണുബാധയാണെന്നും, മിക്ക ആളുകളും ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സുഖം പ്രാപിക്കുന്നതായും യു.കെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് വ്യക്തമാക്കി. അതേസമയം, വൈറസ് ആളുകള്‍ക്കിടയില്‍ എളുപ്പത്തില്‍ പടരില്ലെന്ന് വിദഗ്ധര്‍ പറയുന്നു. യു.കെ, സ്‌പെയിന്‍, പോര്‍ട്ടുഗല്‍, ജര്‍മനി, ബെല്‍ജിയം, ഫ്രാന്‍സ്, നെതര്‍ലാന്‍ഡ്സ്, ഇറ്റലി, സ്വീഡന്‍ എന്നിവിടങ്ങളിലും കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ്ബാധയുള്ള മൃഗങ്ങളില്‍ നിന്നോ മനുഷ്യരില്‍ നിന്നോ ആണ് രോഗം പകരുന്നത്. പനി, പേശിവേദന, ക്ഷീണം, ലിംഫ് ഗ്രന്ഥികളിലെ വീക്കം എന്നിവയാണ് കുരങ്ങുപനിയുടെ പ്രാഥമിക ലക്ഷണങ്ങള്‍. പിന്നീട് ചിക്കന്‍പോക്‌സിലുണ്ടാകുന്നതു പോലെ കുമിളകള്‍ മുഖത്തും ശരീരത്തിലും പ്രത്യക്ഷപ്പെടും. വൈറസ് മൂലമുണ്ടാകുന്ന കുരങ്ങുപനി ബാധിച്ചാല്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ രോഗി സുഖം പ്രാപിക്കും. എങ്കിലും അപൂര്‍വ്വമായി മരണം സംഭവിക്കാറുണ്ട്. എന്നാല്‍, കുരങ്ങുപനിയില്‍ മരണനിരക്ക് പൊതുവെ കുറവാണ്.എന്നാല്‍ കോവിഡ്-19 പോലെ ഒരു മഹാമാരിയായി ഇത് പടരാനുള്ള സാധ്യതയില്ലെന്നാണ് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്. കോവിഡിന് കാരണമായ സാര്‍സ് കോവ് -2 വൈറസ് പോലെ വേഗത്തില്‍ ഇത് പടരില്ല എന്നതാണ് അതിന് കാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നത്.
കുരങ്ങുപനി കൂടുതല്‍ രാജ്യങ്ങളിലേക്ക്, അടിയന്തര യോഗംവിളിച്ച് ലോകാരോഗ്യ സംഘടന