ആഴക്കടലിൽ മുങ്ങിക്കിടക്കുന്ന ടൈറ്റാനിക് കപ്പലിനരികെ ഉയർന്നു നിൽക്കുന്നത് എന്തെന്ന് തിരിച്ചറിഞ്ഞു. കഴിഞ്ഞ കുറേനാളുകളായി ഗവേഷകർക്കിടയിൽ ചർച്ചയായ വസ്തുവിനെയാണ് ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുന്നത്. ടൈറ്റാനിക്കിനോട് ചേർന്ന് അസാധാരണ വലുപ്പത്തിലുള്ളത് കടലിനടിയിലെ ഒരു അഗ്നിപർവതമാണ്. സമുദ്ര നിരപ്പിൽ നിന്നും 9,514 അടി താഴ്ചയിൽ കിടക്കുന്ന ടൈറ്റാനിക്കിനോട് ചേർന്നാണ് ഇപ്പോൾ സജീവമല്ലാത്ത അഗ്നിപർവതം സ്ഥിതി ചെയ്യുന്നത്.
1998ലാണ് ടൈറ്റാനിക് കപ്പലിന്റെ സമീപത്തേക്ക് ഏറ്റവും കൂടുതൽ തവണ മുങ്ങി ചെന്നിട്ടുള്ള പോൾ ഹെന്റി നാർഗെലോട്ട് കടലിന്റെ അടിത്തട്ടിൽ ടൈറ്റാനിക്കിനോട് ചേർന്ന് അസാധാരണ വലുപ്പത്തിൽ ഉയർന്നു നിൽക്കുന്ന എന്തോ ഒന്നുണ്ട് എന്ന് കണ്ടെത്തിയത്. മറ്റേതെങ്കിലും കപ്പലിന്റെ അവശിഷ്ടമാണോ ഇതെന്ന ചോദ്യം അന്നു മുതൽ തന്നെ ഉയർന്നിരുന്നു. ഓഷ്യൻഗേറ്റ് എക്‌സ്‌പെഡിഷൻസ് എന്ന സമുദ്ര പര്യവേഷണ കമ്പനിയാണ് കഴിഞ്ഞ വർഷം ഈ ദുരൂഹത നീക്കാനുറച്ച് മുങ്ങൽ വിദഗ്ധരെ ടൈറ്റാനിക്കിനടുത്തേക്ക് അയച്ചത്. നാർഗെലോട്ടിനേയും ഒരിക്കൽ സംഘം കൂടെ കൂട്ടി. ഈ സംഘമാണ് അഗ്നിപർവതമാണ് കപ്പലിനടുത്ത് സ്ഥിതി ചെയ്യുന്നത് എന്ന് കണ്ടെത്തിയത്.
ഇപ്പോൾ സജീവമല്ലാത്ത അഗ്നിപർവതത്തിലും പുറത്തുമായി നിരവധി സമുദ്ര ജീവികളും വസിക്കുന്നുണ്ട്. നാർഗെലോട്ടിനോടുള്ള ബഹുമാനാർഥം നാർഗെലോട്ട് -ഫാനിങ് റിഡ്ജ് എന്നാണ് ഈ ഭാഗത്തിന് ഓഷ്യൻഗേറ്റ് പേരിട്ടിരിക്കുന്നത്. തങ്ങളുടെ ദൗത്യത്തിന് ചുക്കാൻ പിടിച്ച ഒയ്‌സിൻ ഫാനിങ്ങിന്റെ പേരാണ് നാർഗെലോട്ടിനൊപ്പം ഓഷ്യൻഗേറ്റ് ചേർത്തിരിക്കുന്നത്.