തിരുവനന്തപുരം; സർക്കാർ ഉത്തരവ് അനുസരിച്ച് കെഎസ്ആർടിസി ബസുകളിൽ പുതുക്കിയ ടിക്കറ്റ് നിരക്ക് പുറത്തിറക്കി. മേയ് 1 മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും. ഓർഡിനറി ബസിലെ മിനിമം നിരക്ക് 2 രൂപ വർദ്ധിപ്പിച്ചെങ്കിലും ജനറം നോൺ എ.സി., സിറ്റി ഷട്ടിൽ , സിറ്റി സർക്കുലർ സർവ്വീസുകളുടെ മിനിമം നിരക്ക് കുറച്ച് ഓർഡിനറി നിരക്കിന് തുല്യമാക്കി. ജനറം എ.സി ബസ്സുകളുടെ കിലോമീറ്റർ നിരക്ക് 187 പൈസയിൽ നിന്നും 175 ആയി കുറച്ചു.
ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ് , സൂപ്പർ എക്സ്പ്രസ്, ഡിലക്സ് ബസ്സുകളിൽ കിലോമീറ്റർ പരിഗണിച്ച് ഫെയർ സ്റ്റേജുകൾ പുതിയതായി അനുവദിച്ചതിനാൽ ഇത്തരം പ്രധാന സ്ഥലങ്ങളിലേക്ക് നിലവിൽ നൽകുന്ന തുകയേക്കാൾ ചാർജ് ഗണ്യമായി കുറയും. സൂപ്പർ എക്സപ്രസ് ബസ്സുകളിൽ മിനിമം നിരക്ക് കൂട്ടാതെ തന്നെ യാത്ര ചെയ്യാവുന്ന ദൂരം 10 ൽ നിന്നും 15 കിലോമീറ്റർ ആയി വർദ്ധിപ്പിച്ചതിനാൽ ഫലത്തിൽ നിരക്ക് കുറയുകയും മറ്റ് സൂപ്പർ ക്ലാസ് ബസ്സുകളുടെ കിലോമീറ്റർ നിരക്ക് വർദ്ധിപ്പിക്കാതെയും നിലവിലെ നിരക്കിനേക്കാൾ കുറക്കുകയും ചെയ്തിട്ടുണ്ട്. മൾട്ടി ആക്സിൽ എ.സി ബസ്സുകൾക്ക് കി.മീ. നിരക്ക് 250 പൈസയിൽ നിന്നും 225 പൈസയായി കുറക്കുകയും ചെയ്തു.
ഇത്തരത്തിൽ സൂപ്പർ എയർ എക്സ്പ്രസ്സ്, സൂപ്പർ ഡീലക്സ്, എ.സി മൾട്ടി ആക്സിൽ , JNNURM AC ലോ ഫ്ലോർ ബസുകളുടെ കിലോമീറ്റർ നിരക്ക് 2 പൈസ മുതൽ 25 പൈസ വരെയാണ് കുറച്ചിരിക്കുന്നത്.
ഫാസ്റ്റ് പാസഞ്ചർ ന് 5 മുതൽ 10 കിലോമീറ്ററിനുള്ളിൽ ഫെയർ സ്റ്റേജും സൂപ്പർ ഫാസ്റ്റിന് 10 മുതൽ 15 കിലോമീറ്ററിലും പുതിയ ഫെയർ സ്റ്റേജുകൾ അനുവദിച്ചു. സൂപ്പർ എക്സ്പ്രസ് ഡീലക്സ് സർവ്വിസുകൾക്ക് 10 മുതൽ 20 കിലോമീറ്ററിൽ പുതിയ ഫെയർ സ്റ്റേജുകൾ അനുവദിച്ചു.
ഡീലക്സിന് മുകളിൽ ഉള്ള മൾട്ടി ആക്സിൽ , സ്ലീപ്പർ ബസ്സുകൾക്ക് ഡീലക്സ് ബസ്സുകളുടെ ഫെയർ സ്റ്റേജ് നൽകും. പുതിയ ഫെയർ സ്റ്റേജുകൾ വരുമ്പോൾ ഇവക്ക് മുന്നിലായി വരുന്ന എല്ലാ സ്റ്റോപ്പുകളിലും നിരക്ക് കുറയും.

ഉദാ: പുതിയ സ്റ്റേജുകൾ
സൂപ്പർ ഫാസ്റ്റ് തിരുവനന്തപുരം – ആലപ്പുഴ റൂട്ടിൽ കഴക്കൂട്ടം ഫെയർ 44 രൂപ – 31 രൂപ ആകും, പാരിപ്പള്ളി – 67 – 66 രൂപ ആകും, നീണ്ടകര ഫൗണ്ടേഷൻ – 107 -103 രൂപ ആകും, ഇതുപോലെ ആലപ്പുഴ – കലവൂർ 34 – 22 രൂപ ആകും. ഇത്തരത്തിൽ ഫാസ്റ്റ് പാസഞ്ചർ (തിരുവന്തപുരത്ത് നിന്നും കൊല്ലം വരെ ) പാങ്ങാപ്പാറ – 26 രൂപ 23 രൂപയാകും, കോരാണി – 43 – 42 രൂപയാകും. ഇതുപോലെ NH ൽ ആകെ 20 ൽ അധികം പുതിയ ഫെയർ സ്റ്റേജുകൾ അനുവദിച്ചിട്ടുണ്ട്. ഇത് പൊതുജനങ്ങൾക്ക് യാത്രാ നിരക്ക് ഗണ്യമായി കുറയുന്നതിത് കാരണമാകും.
ഫെയർ സ്റ്റേജ് സംബന്ധിച്ച നിലവിൽ പരാതികൾ ലഭിച്ചിട്ടുള്ള എല്ലാ റൂട്ടുകളിലും ഇത്തരത്തിൽ ഫെയർസ്റ്റേജുകൾ നൽകിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ കേരളത്തിലാകമാനം പുതിയ ഫെയർ സ്റ്റേജ്, സൂപ്പർക്ലാസ് നിരക്ക് കുറക്കൽ, ജൻറം ലോല്ലോർ നിരക്ക് ഓർഡിനറിക്ക് തുല്യമായി കുറവ് വരുത്തുക, നിരക്ക് വർദ്ധിപ്പിക്കാതെ മിനിമം യാത്രാ ദൂരം കൂട്ടുക എന്നിവയിലൂടെ പൊതു ഗതാഗതം ഉപയോഗിക്കുന്ന പൊതുജനങ്ങൾക്ക് യാത്രാ ചെലവ് കുറയ്ക്കുകയും കൂടുതൽ യാത്രക്കാരെ ചെലവ് കുറഞ്ഞ പൊതു ഗതാഗത സൗകര്യം ഉപയാഗിക്കുന്നതിന് പ്രേരിപ്പിക്കുകയും സ്വന്തം വാഹന ഉപയോഗം കുറച്ച് നിരത്തിലെ വാഹന ബാഹുല്യവും മലിനീകരണവും കുറക്കുക എന്ന അടിസ്ഥാന ലക്ഷ്യത്തിൽ എത്തുവാൻ ആണ് കെഎസ്ആർടിസി ക്ക് മാത്രമായുള്ള ക്ലാസുകളിൽ നിലവിൽ നൽകുന്ന ഫെയറിനേക്കാൾ നിരക്ക് വളരെ കുറക്കുവാൻ സർക്കാർ തീരുമാനിച്ചത്. ഇത്തരത്തിൽ ഡീസൽ വില വർദ്ധനവിനെ നേരിടുവാൻ കൂടുതൽ യാത്രക്കാരെ ആകർഷിച്ചും ബസ്സുകൾ വർദ്ധിപ്പിച്ചും വരുമാനം വർദ്ധിപ്പിക്കുവാനും ചെലവു കുറക്കുവാനും ആണ് കെഎസ്ആർടിസി ലക്ഷ്യമിടുന്നത്.
YOU MAY ALSO LIKE THIS VIDEO