തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ ഒന്നാം പ്രതിയും ഷാരോണിന്റെ കാമുകിയുമായ ഗ്രീഷ്മക്ക് എതിരെ ഗുരുതരാരോപണങ്ങളുമായി ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം. കഷായത്തിൽ വിഷം കലർത്തി ഗ്രീഷ്മ തന്നെ ചതിച്ചു എന്ന് ഷാരോൺ ബന്ധുവിനോട് പറഞ്ഞിരുന്നതായി കുറ്റപത്രം. ഷാരോൺ കൊലക്കേസിൽ നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു.
ഷാരോണും ഗ്രീഷ്മയും 2021 ഒക്ടോബർ മുതലാണ് പ്രണയത്തിലാകുന്നത്. എന്നാൽ 2022 മാർച്ച് നാലിന് പട്ടാളക്കാരനുമായി ഗ്രീഷ്മയുടെ വിവാഹ നിശ്ചയം നടത്തി. ഇതിനെ തുടർന്ന് ഇരുവരും പിണങ്ങി. മേയ് മാസം മുതൽ ഷാരോണുമായി ഗ്രീഷ്മ വീണ്ടും അടുത്തു. 2022 ഓഗസ്റ്റ് 22 ന് പാരസെറ്റാമോൾ ഗുളികയുടെ അമിത ഉപയോഗത്തെക്കുറിച്ചും അത് ശരീരത്തിലുണ്ടാക്കുന്ന തകരാറുകളെക്കുറിച്ചും ഗ്രീഷ്മ നിരവധി തവണ ഗൂഗിളിൽ തെരഞ്ഞിരുന്നു എന്ന് കുറ്റപത്രത്തിലുണ്ട്. ഗ്രീഷ്മയുടെ വീട്ടിൽ വെച്ച് ഷാരോൺ ഗ്രീഷ്മയെ താലി കെട്ടിയിരുന്നു. പിന്നീട് വെട്ടുകാട് പള്ളിയിൽ വെച്ചും ഷാരോൺ, ഗ്രീഷ്മയെ താലി കെട്ടി. ശേഷം തൃപ്പരപ്പിലുള്ള ഹോട്ടലിൽ മുറിയെടുത്ത് ഇരുവരും തമ്മിൽ ലൈംഗിക ബന്ധത്തിലേർപ്പെട്ടു. ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ ഗ്രീഷ്മയുടെ വീട്ടിൽ വെച്ച് ഇരുവരും ശാരീരിക ബന്ധത്തിലേർപ്പെട്ടു. നവംബറിൽ ഷാരോണിനൊപ്പം ഇറങ്ങി വരാമെന്ന് ഗ്രീഷ്മ പറഞ്ഞിരുന്നു.
ഈ ദിവസം അടുത്ത് വന്നതിനാൽ ഷാരോണിനെ ഒഴിവാക്കാനുള്ള ശ്രമത്തിലായിരുന്നു ഗ്രീഷ്മ. പാരസെറ്റാമോൾ ഗുളിക ഗ്രീഷ്മ വീട്ടിൽ വെച്ച് വെള്ളത്തിൽ ലയിപ്പിച്ച് ബാഗിൽ വെച്ച ശേഷം ഷാരോണിന്റെ കോളെജിൽ എത്തി. ഇതിനിടെ തിരുവിതാം കോട് നിന്ന് രണ്ട് ജ്യൂസുകളും വാങ്ങിയിരുന്നു. ഷാരോണിന്റെ കോളജിലെ റിസപ്ഷൻ ഏരിയയിലെ ശുചിമുറിയിൽ വെച്ച് ഗ്രീഷ്മ ഗുളികൾ ചേർത്ത ലായനി ജൂസ് കുപ്പിയിൽ നിറക്കുകയായിരുന്നു. ഈ ജ്യൂസ് ഷാരോണിന് നൽകി.
എന്നാൽ കയ്പ്പാണ് എന്ന് പറഞ്ഞ് ഷാരോൺ ജ്യൂസ് കുടിച്ചില്ല. പിന്നീട് ഗുളിക കലർത്താത്ത ജൂസ് ഇരുവരും കുടിച്ചശേഷം മടങ്ങി. സെകസ് കാര്യങ്ങൾ പറഞ്ഞ് വശീകരിച്ച് ഷാരോണിനെ വീട്ടിലേക്ക് വരുത്തിക്കുകയായിരുന്നു അടുത്ത തന്ത്രം. ഇതിനായി വിഷം കലർത്തിയ ജ്യൂസ് കുടിപ്പിക്കുന്നതിന്റെ തലേദിവസം (ഒക്ടോബർ 13) ഷാരോണുമായി ഒരു മണിക്കൂർ ഏഴ് മിനിറ്റ് സെകസ് ടോക്ക് നടത്തി എന്നും കുറ്റപത്രത്തിൽ പറയുന്നു. വീട്ടിൽ ആരുമില്ല എന്നും വരണം എന്നും ഷാരോണിനോട് പറഞ്ഞ് ചട്ടം കെട്ടി. 14 ന് രാവിലെ ശാരീരിക ബന്ധത്തിലേർപ്പെടാമെന്ന് ഫോണിലൂടെയും ചാറ്റിലൂടെയും പലതവണ ഗ്രീഷ്മ പറഞ്ഞത് കൊണ്ടാണ് താൻ വീട്ടിൽ പോയത് എന്നാണ് ഷാരോൺ ബന്ധുവിനോട് പറഞ്ഞത് എന്നാണ് കുറ്റപത്രത്തിലുള്ളത്. വീട്ടിലെത്തിയ ഷാരോണിന് കഷായത്തിൽ കീടനാശിനി കലക്കി കൊടുക്കുകയായിരുന്നു.
ഷാരോൺ മരിച്ച ശേഷം മൊബൈലിലെ ചാറ്റുകൾ ഗ്രീഷ്മയാണ് നശിപ്പിച്ചത് എന്നും ചാറ്റുകൾ തിരികെ എടുക്കാൻ കഴിയുമോ എന്ന് ഗൂഗിളിലും യുട്യൂബിലും ഗ്രീഷ്മ സെർച്ച് ചെയ്തിരുന്നു എന്നും കുറ്റപത്രത്തിൽ പറയുന്നു. സുഹൃത്തിനൊപ്പം ബൈക്കിൽ മടങ്ങവേ പലതവണ ഛർദിച്ച ഷാരോൺ ഗ്രീഷ്മ കഷായം തന്നെന്നും ചതിച്ചെന്നും സുഹൃത്തിനോട് പറഞ്ഞിരുന്നു.