അർധ അതിവേഗ തീവണ്ടിയായ വന്ദേ ഭാരത് എക്സ്പ്രസ് കേരളത്തിനും ലഭിക്കും. തിരുവനന്തപുരം ഡിവിഷനിൽനിന്നാകും സർവീസ്. രണ്ടു റേക്കുകൾ (16 പാസഞ്ചർ കാറുകളടങ്ങുന്ന ഒരു യൂണിറ്റ്) തിരുവനന്തപുരത്തിനു ലഭിക്കും. 1,128 യാത്രക്കാർക്ക് ഇരിക്കാവുന്ന 16 പാസഞ്ചർ കാറുകളാണ് ഒരു തീവണ്ടിയിൽ ഉണ്ടാകുക.
തീവണ്ടി സർവീസുമായി ബന്ധപ്പെട്ട് ഒരുക്കങ്ങൾ തിരുവനന്തപുരത്ത് നടത്തണമെന്ന് റെയിൽവേ ബോർഡ് നിർദേശിച്ചുകഴിഞ്ഞു. രണ്ടു റേക്കുകൾ നിർത്തിയിടാനും അറ്റകുറ്റപ്പണി നടത്താനും തിരുവനന്തപുരത്ത് എത്രയുംവേഗം സൗകര്യമൊരുക്കണമെന്നാണ് നിർദേശം.

കേരളത്തിൽ നിലവിലുള്ള പാതയുടെ കിടപ്പനുസരിച്ച്, വിഭാവനംചെയ്ത വേഗത്തിൽ വന്ദേ ഭാരത് എക്സ്പ്രസ് തീവണ്ടികൾ ഓടിക്കാൻ കഴിയില്ല. വേഗത്തിൽ അല്പം കുറവ് വരുത്തിയാലും കേരളത്തിലൂടെ തീവണ്ടിയോടിക്കണമെന്നാണ് റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം.
പ്രത്യേകമായി രൂപകല്പന ചെയ്ത വന്ദേ ഭാരത് തീവണ്ടികളുടെ നിർമാണം ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ പുരോഗമിക്കുകയാണ്. ആദ്യ തീവണ്ടിയുടെ നിർമാണം ഇക്കൊല്ലം ഓഗസ്റ്റിൽ പൂർത്തിയാകും. 2023 ഓഗസ്റ്റിനുമുമ്പ് 75 തീവണ്ടികൾ വിവിധ റെയിൽവേ സോണുകൾക്ക് നൽകാനാണ് ഉദ്ദേശിക്കുന്നത്. തിരുവനന്തപുരം ഡിവിഷന് രണ്ടാംഘട്ടത്തിലേ തീവണ്ടി ലഭിക്കുകയുള്ളൂ.
YOU MAY ALSO LIKE THIS VIDEO