തിരുവനന്തപുരം: യുവാവിന്റെ കുത്തേറ്റ് വനിതാ ഡോക്ടർ കൊല്ലപ്പെട്ടു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർ കോട്ടയം സ്വദേശി ഡോക്ടർ വന്ദന ദാസാണ് (23) കൊല്ലപ്പെട്ടത്. പൊലീസ് കസ്റ്റഡിയിലെടുത്ത പൂയപ്പള്ളി സ്വദേശി സന്ദീപാണ് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോൾ വന്ദനയെ ആക്രമിച്ചത്.
ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കുടവത്തൂർ സ്‌കൂൾ അധ്യാപകനാണ് ആക്രമണം നടത്തിയ സന്ദീപ്. സന്ദീപ് വീട്ടിൽ അതിക്രമം കാണിക്കുന്നതായി പുലർച്ചെ ബന്ധുക്കളാണ് പൊലീസിൽ വിവരമറിയിച്ചത്. കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യപരിശോധനയ്‌ക്കെത്തിച്ചപ്പോഴാണ് അതിക്രമം നടത്തിയത്. കഴുത്തിലും നെഞ്ചിലും മുതുകിലുമായി ആറോളം കുത്തുകളാണ് വന്ദനയ്‌ക്കേറ്റത്. ഉടൻ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആശുപത്രിയിലെ കത്രികയെടുത്ത് കണ്ണിൽ കണ്ടവരെയെല്ലാം കുത്തുകയായിരുന്നു. ആക്രമണത്തിൽ പൊലീസുകാരടക്കം നാലുപേർക്ക് പരിക്കേറ്റു.