ശാസ്ത്രീയമായ മാലിന്യ സംസ്‌ക്കരണം പ്രധാനമായും രണ്ട് തരത്തിലാണ്. കേന്ദ്രീകൃതവും വികേന്ദ്രീകൃതവും. കേരളത്തിൽ അമ്പേ പരാജയപ്പെട്ട പദ്ധതികളെല്ലാം കേന്ദ്രീകൃത മാലിന്യ പ്ലാന്റുകളാണ്. പല സ്ഥലങ്ങളിലുള്ള മാലിന്യം ഒരു സ്ഥലത്തെത്തിച്ച് സംസ്‌ക്കരിക്കുന്ന രീതിയാണിത്. ജൈവവും അജൈവവുമായ ടൺ കണക്കിന് മാലിന്യം ഒന്നിച്ചെത്തുന്നതിനാൽ ഇവയുടെ സംസ്‌ക്കരണം ഏറെ സങ്കീർണമാണ്. കൂടുതൽ സ്ഥലവും വേണം. ഒരുദിവസം സംസ്‌ക്കരണം മുടങ്ങിയാൽ പോലും മാലിന്യം കുന്നുകൂടുന്ന അവസ്ഥയുണ്ടാകും.
ഇക്കാരണം കൊണ്ടുതന്നെ ജൈവ മാലിന്യം അതിന്റെ ഉറവിടത്തിൽ തന്നെ (വീടുകൾ/സ്ഥാപനങ്ങൾ) സംസ്‌ക്കരിക്കുന്ന ഉറവിട സംസ്‌ക്കരണ രീതിയും ജീർണിക്കാത്ത അജൈവ മാലിന്യങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ വഴി ശേഖരിക്കുന്ന വികേന്ദ്രീകൃത സംസ്‌ക്കരണവുമാണ് കേരളത്തിൽ ഫലപ്രദമെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ പക്ഷം.
ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ ഇടക്കിടെയുള്ള തീപ്പിടിത്തം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പക്ഷേ ഇത്യാദമായാണ് ഇത്രയും വലിയ തീപ്പിടിത്തവും വായു മലിനീകരണവും ഉണ്ടാകുന്നത്. അടിസ്ഥാനസൗകര്യങ്ങളില്ലാതെയാണു ബ്രഹ്മപുരത്തെ മാലിന്യസംസ്കരണ കേന്ദ്രം പ്രവർത്തിക്കുന്നത്. മാറിമാറി വന്ന കോർപറേഷൻ ഭരണസമിതികൾ പണം കായ്ക്കുന്ന മരമായാണു ബ്രഹ്മപുരത്തെ കണ്ടത്. മാലിന്യമെത്തിക്കുന്ന ലോറിയുടെ വാടക മുതൽ സംസ്കരണ പ്ലാന്റിന്റെ പ്രവർത്തനത്തിൽ വരെ പണം വാരാൻ വഴിയുണ്ട്.
1998ൽ ആണ് കോർപറേഷൻ കൊച്ചി നഗരത്തിൽനിന്ന് 17 കിലോമീറ്റർ അകലെയുള്ള ബ്രഹ്മപുരത്ത് 37 ഏക്കർ ഭൂമി വാങ്ങിയത്. അവിടെ മാലിന്യസംസ്കരണ പ്ലാന്റ് നിർമിക്കാൻ 2005ൽ ആന്ധ്രപ്രദേശ് ടെക്നോളജി ഡവലപ്മെന്റ് കോർപറേഷനുമായി കരാറൊപ്പിട്ടു. പദ്ധതിക്കെതിരെ ബ്രഹ്മപുരത്ത് തദ്ദേശവാസികളുടെ സമരപരമ്പരതന്നെ നടന്നു. സമരക്കാരുടെ സ്ഥലംകൂടി ഏറ്റെടുത്താണു പ്രശ്നം പരിഹരിച്ചത്.ബ്രഹ്മപുരത്തുനിന്നുള്ള വിഷപ്പുക കിലോമീറ്ററുകൾ താണ്ടി തീരദേശത്തേക്കാണു നീങ്ങിയത്. ബ്രഹ്മപുരത്തു മുൻപുണ്ടായ തീപിടിത്തത്തെത്തുടർന്നു നടത്തിയ പഠനങ്ങളിൽ അന്തരീക്ഷത്തിൽ ഡയോക്സിനുകൾ, ഫ്യുറാൻ തുടങ്ങിയ വിഷപദാർഥങ്ങളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. അന്തരീക്ഷത്തിൽ ഈ വിഷപദാർഥങ്ങൾ 3 മാസം വരെ തുടരുമെന്നാണു റിപ്പോർട്ട്.
പരാജയപ്പെട്ട മാലിന്യ സംസ്കരണ പ്ലാന്റുകളിൽ മുൻപന്തിയിൽ തന്നെയാണ് വിളപ്പിൽശാലയും. നഗരത്തിലെ ഖരമാലിന്യം സംസ്‌ക്കരിക്കുന്നതിന് 2000-ത്തിലാണ് തിരുവനന്തപുരം കോർപ്പറേഷൻ വിളപ്പിൽശാലയിൽ ഒരു എയറോബിക് കമ്പോസ്റ്റിംഗ് പ്ലാന്റ് സ്ഥാപിക്കുന്നത്. ദിവസേന 300 ടൺ മാലിന്യം കോർപ്പറേഷൻ പ്ലാന്റിൽ എത്തിച്ചുനൽകണമെന്നായിരുന്നു ഓപ്പറേറ്ററായ പോബ്സ് കമ്പനിയുമായുള്ള കരാർ.
ഇതോടെ കുടുംബശ്രീ പ്രവർത്തകരെ കൂടി രംഗത്തിറക്കി കോർപ്പറേഷൻ വീടുകളിലെത്തി മാലിന്യം ശേഖരിക്കാൻ തുടങ്ങി. എന്നാൽ ഈ വഴിയെല്ലാം മാലിന്യം ശേഖരിച്ചിട്ടും ശരാശരി 60-70 ടൺ മാലിന്യം മാത്രമേ നഗരസഭയ്ക്ക് പ്ലാന്റിലെത്തിക്കാൻ കഴിഞ്ഞുള്ളു. നഗരസഭ ആവശ്യത്തിന് മാലിന്യം വിതരണം ചെയ്യാത്തതിന് കമ്പനി നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പ്ലാന്റിൽ മാലിന്യം മുഴുവനായും സംസ്‌കരിക്കുന്നതിനു പകരം ഓപ്പറേറ്റർ, കോമ്പൌണ്ടിനുള്ളിൽ ഗണ്യമായ ഒരു ഭാഗം കൂട്ടിയിടുകയായിരുന്നു ചെയ്തുവന്നത്. പ്രതിദിനം 150 ടൺ ജൈവ മാലിന്യങ്ങൾ മാത്രം സംസ്‌ക്കരിക്കാനുള്ള ശേഷി മാത്രമേ പ്ലാന്റിനുള്ളുവെന്നും പിന്നീട് ഒരു സാങ്കേതിക സമിതി കണ്ടെത്തി.