വാഷിംഗ്ടൺ: അറ്റ്‍ലാന്റിക് സമുദ്രത്തിൽ കാണാതായ ടൈറ്റൻ അന്തർവാഹിനിയിലെ യാത്രക്കാരായ അഞ്ചുപേരും മരിച്ചു. അമേരിക്കൻ തീര സംരക്ഷണ സേനയും ഓഷ്യൻ ഗേറ്റ് കമ്പനിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ടൈറ്റാനിക് കപ്പൽ കാണാൻ പോയ സംഘം സഞ്ചരിച്ചിരുന്ന അന്തർവാഹിനി തകർന്നാണ് അഞ്ചുപേരും കൊല്ലപ്പെട്ടത്. ടൈറ്റാനിക് കപ്പലിന് ഒന്നര കിലോമീറ്ററോളം അകലെയായി അന്തർവാഹിനിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി.
കടലിന്നടിയിലെ മർദ്ദം താങ്ങാനാകാതെ പേടകം പൊട്ടിത്തെറിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. പാകിസ്ഥാനി വ്യവസായി ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ ദാവൂദ്, ദുബായിലെ ബ്രിട്ടീഷ് വ്യവസായി ഹാമിഷ് ഹാർഡിങ്, പൈലറ്റ് പോൾ ഹെൻറി നാർസലെ എന്നിവരായിരുന്നു പേടകത്തിലെ യാത്രക്കാർ. ഇവരുടെ മൃതദേഹം എവിടെ എന്ന് വ്യക്തമല്ല. അത് കണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയില്ലെന്ന് അമേരിക്കൻ തീര സംരക്ഷണ സേന വ്യക്തമാക്കി.
അമേരിക്കൻ തീര സംരക്ഷണ സേനയാണ് തകർന്ന ടൈറ്റന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ടൈറ്റാനികിന് 1600 മീറ്റർ അകലെയായിരുന്നു അഞ്ച് ഭാഗങ്ങളായി അവശിഷ്ടങ്ങൾ കിടന്നിരുന്നത്. ഇന്ത്യൻ സമയം പുലർച്ചെ 1.30 ഓടെ ടൈറ്റന്റെ ഉടമസ്ഥരായ ഓഷ്യൻ ഗേറ്റ് കമ്പനിയുടെ സ്ഥിരീകരണമെത്തി. തങ്ങളുടെ സിഇഒ, സ്റ്റോക്ടൻ റഷ് ഉൾപ്പെടെ പേടകത്തിലെ 5 യാത്രക്കാരും മരിച്ചതായി കമ്പനി സ്ഥിരീകരിച്ചു.