പ്രണയ ബന്ധങ്ങളെല്ലാം പരാജയമായിരുന്നു: തുറന്നു പറഞ്ഞ് ഷക്കീല

Staff Reporter
Staff Reporter August 20, 2022
Updated 2022/08/20 at 7:59 PM

സിൽക്ക് സ്മിത പ്രധാന വേഷം അവതരിപ്പിച്ച ‘പ്ലേ ഗേൾസ്’ എന്ന തമിഴ് സിനിമയിൽ വേഷം ചെയ്തുകൊണ്ട് പതിനെട്ടാം വയസ്സിലാണ് ഷക്കീല സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ‘ഇളമനസ്സേ കിള്ളാതെ’ എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തോടെ കൂടുതൽ ശ്രദ്ധേയയായി. ‘കിന്നാരത്തുമ്പികൾ’ എന്ന മലയാള ചിത്രം വൻ വിജയമായിരുന്നു. പിന്നീട് ഡ്രൈവിംഗ് സ്‌കൂൾ, സിസ്റ്റർ മരിയ തുടങ്ങിയ സിനിമകളിലെ വേഷങ്ങളും ശ്രദ്ധിക്കപ്പെട്ടു. ഇപ്പോൾ ഇതാ തന്റെ വ്യക്തി ജീവിതത്തെയും കുടുംബത്തെയും കുറിച്ചെല്ലാം ഷക്കീല മനസ് തുറന്നിരിക്കുകയാണ്. ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിലാണ് ഷക്കീല മനസ് തുറന്നത്.

വീട്ടുകാർക്ക് താൻ പണം കായ്ക്കുന്ന മരമായിരുന്നുവെന്ന് ഷക്കീല പറഞ്ഞു. എപ്പോൾ കുത്തിയാലും പണം ലഭിക്കുന്ന ഒരു മെഷീൻ മാത്രമായിരുന്നു താൻ. ആരും തന്നെ ഒരു മനുഷ്യ ജീവിയായി പോലും പരിഗണിച്ചിരുന്നില്ല. തിരക്കുള്ള സമയത്ത് പോലും പ്രതിഫലത്തെ കുറിച്ച് ചിന്തിക്കാതെ കിട്ടിയ ചെക്കുകളെല്ലാം അമ്മയെ ഏൽപ്പിച്ചെന്ന് ഷക്കീല പറഞ്ഞു.

താൻ നൽകിയ പണമെല്ലാം അമ്മ ചേച്ചിയെ ഏൽപ്പിച്ചെന്നും അവർ പണമെല്ലാം സ്വന്തം അക്കൗണ്ടിൽ നിക്ഷേപിച്ചെന്നും ഷക്കീല പറഞ്ഞു. ചേച്ചി ഇപ്പോൾ കോടീശ്വരിയാണ്. താൻ അന്നന്നത്തെ അപ്പത്തിന് വേണ്ടി അധ്വാനിക്കുകയാണ്. കുടുംബത്തിലുള്ളവർക്കെല്ലാം താൻ സമ്പാദിച്ച പണം മാത്രം മതിയായിരുന്നുവെന്നും ഷക്കീല കൂട്ടിച്ചേർത്തു.

തന്റെ സാന്നിദ്ധ്യം കുടുംബത്തിലുള്ളവർക്ക് അരോചകമായിരുന്നുവെന്ന് ഷക്കീല പറഞ്ഞു. ജീവിതത്തിൽ ഇരുപത് പേരെയെങ്കിലും പ്രണയിച്ചിട്ടുണ്ട്. എല്ലാം വിവാഹം എന്ന ലക്ഷ്യത്തോടെയായിരുന്നു. എന്നാൽ വിധി എല്ലാം മാറ്റി മറിച്ചെന്നും പ്രണയ ബന്ധങ്ങളെല്ലാം പരാജയമായിരുന്നുവെന്നും ഷക്കീല പറഞ്ഞു. സ്‌കൂളിൽ പഠിക്കുമ്പോൾ പോലും ഭാവിയിൽ ആരായിത്തീരണമെന്ന് അദ്ധ്യാപകർ ചോദിക്കുമ്പോൾ ഹൗസ് വൈഫ് ആവണമെന്നായിരുന്നു തന്റെ മറുപടിയെന്നും ഷക്കീല കൂട്ടിച്ചേർത്തു.

ബി ഗ്രേഡ് ചിത്രങ്ങൾക്ക് പ്രേക്ഷകർ കുറഞ്ഞതോടെ മുഖ്യധാര ചിത്രങ്ങളിലേയ്ക്ക് ചുവടുമാറ്റിയ ഷക്കീല, മോഹൻലാൽ നായകനായെത്തിയ ഛോട്ടാമുംബൈ, പൃഥ്വിരാജ് ചിത്രമായ തേജാഭായ് ആൻഡ് ഫാമിലി തുടങ്ങിയവയിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ‘ഞാൻ നിങ്ങളുടെ രാത്രിയുടെ ഭാഗമായിരുന്നു’ എന്ന പേരിൽ ആത്മകഥയും ഷക്കീല പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments

comments

TAGGED:
Share this Article