തിരുവനന്തപുരം: റോഡ് ഗതാഗതനിയമ ലംഘനത്തിന് പിഴ ഈടാക്കുന്ന എഐ ക്യാമറ സംവിധാനം ഇന്ന് രാവിലെ 8 മുതൽ പിഴ ഈടാക്കി തുടങ്ങി. സംസ്ഥാനത്താകെ സ്ഥാപിച്ച 726 ക്യാമറകളിൽ 692 എണ്ണമാണ് ഇപ്പോൾ പ്രവർത്തന സജ്ജമായത്. ശേഷിക്കുന്ന 34 എണ്ണം ഉടൻ പ്രവർത്തനസജ്ജമാക്കും. ഓരോ നിയമലംഘനത്തിനും പ്രത്യേകം പിഴ ഈടാക്കും. ഇരുചക്ര വാഹനങ്ങളിൽ രണ്ടിലേറെ പേർ യാത്ര ചെയ്യുന്നത് നിയമവിരുദ്ധമാണെങ്കിലും മൂന്നാമത്തെയാൾ കുട്ടിയാണെങ്കിൽ ഇളവുണ്ടാകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. പന്ത്രണ്ട് വയസ്സിന് താഴെയുള്ളവർക്കാണ് ഇളവ് അനുവദിക്കുക. ജംഗ്ഷനുകളിൽ ചുവപ്പ് സിഗ്നൽ മറികടന്നാൽ പിഴ കോടതി വിധിക്കും.ഗതാഗത നിയമലംഘനം കണ്ടെത്തിയാൽ മൊബൈലിലേക്ക് എസ്എംഎസ് സന്ദേശത്തിനു പുറമേ വീട്ടിലേക്കു നോട്ടിസ് അയയ്ക്കും.
15 ദിവസത്തിനകം ജില്ലാ എൻഫോഴ്സ്മെന്റ് ആർടിഒയ്ക്കു അപ്പീൽ നൽകാം. ഇത് ഓൺലൈൻ വഴി നൽകാനുള്ള സംവിധാനം 2 മാസത്തിനുള്ളിൽ നിലവിൽ വരും. എമർജൻസി വാഹനങ്ങൾക്കു പിഴയിൽനിന്ന് ഇളവുണ്ടാകും.
ആദ്യഘട്ടത്തിൽ പിഴ ഈടാക്കുന്ന നിയമലംഘനങ്ങൾ
അനധികൃത പാർക്കിങ് 250 രൂപ
സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള യാത്ര 500 രൂപ (ഡ്രൈവർക്ക് പുറമേ മുൻസീറ്റിലുള്ളയാൾക്കും സീറ്റ് ബെൽറ്റ് നിർബന്ധം)
ഹെൽമറ്റ് ഇല്ലാതെയുള്ള യാത്ര പിഴ 500 രൂപ(4 വയസിന് മുകളിലുള്ള കുട്ടികൾക്ക് ഹെൽമറ്റ് നിർബന്ധം)
ഇരുചക്ര വാഹനത്തിൽ 3 പേർ 1000 രൂപ (മൂന്നാമത്തെയാൾ 12 വയസ്സിന് താഴെയുള്ള കുട്ടിയാണെങ്കിൽ തൽക്കാലം പിഴ ഇല്ല)
അമിതവേഗം 1500 രൂപ
ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗം 2000 രൂപ