സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാദമിയും (SICTA), കേരള സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള വൈലോപ്പള്ളി സംസ്കൃതി ഭവനും സംയുക്തമായി സംഘടിപ്പിച്ച ഗ്ലോബൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ഗ്ലോബൽ എക്സലൻസ് അവാർഡ് നേട്ടവുമായി എ ലോലിപോപ്പ് ഓഫ് സ്മൈൽ യൂണിറ്റി ഫ്രീഡം എന്ന ഷോർട്ട് ഫിലിം ശ്രദ്ധ നേടി.
ചലച്ചിത്ര സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യത്തിൽ പ്രസിദ്ധ കവിയും മലയാളം മിഷൻ ചെയർമാനുമായ മുരുകൻ കാട്ടാക്കടയിൽ നിന്നും ലോലിപോപ്പിന്റെ സംവിധായകൻ സന്തോഷ് ബിഗ്‌ട്രീ ഗ്ലോബൽ എക്സലൻസ് അവാർഡ് ഏറ്റുവാങ്ങി . വിവിധ വിഭാഗങ്ങളിലായി 140 തോളം ചിത്രങ്ങളിലൂടെ, ഒരുകൂട്ടം കലാകാരന്മാരും സാങ്കേതിക പ്രവർത്തകരും ഒത്തുചേർന്ന ഗ്ലോബൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച പ്രേക്ഷക പ്രീതി നേടാനും ഈ ഷോർട്ട് ഫിലിമിന് കഴിഞ്ഞു.
മധുരമേറിയ ലോലിപോപ്പിൽ തുടങ്ങുന്ന നമ്മുടെ ഒരു ദിവസത്തെ എങ്ങനെ ഒരു മോശം അവസ്ഥയിൽ നിന്ന് നിന്ന് നല്ലതിലേക്ക് എങ്ങനെ മാറ്റും എന്ന ആശയം ഉൾക്കൊള്ളുന്ന ഒരു ഹ്രസ്വ ചിത്രമാണ് ‘എ ലോലിപോപ്പ് ഓഫ് സ്മൈൽ യൂണിറ്റി ഫ്രീഡം ‘. കൂടാതെ, ഈ ഷോർട്ട്ഫിലിം രാജ്യത്തിന്റെ എല്ലാ വിഭാഗം ജനങ്ങളെയും എങ്ങനെ ഒരു ചെറു പുഞ്ചിരിയും മധുരമേറിയ ഒരു ലോലിപോപ്പും നൽകി ഇന്ത്യൻ ദേശീയതയിലേയ്ക്ക് കൊണ്ടുവരാമെന്ന് കാണിച്ചു തരുന്നു. ഇതിനകം തന്നെ കേരളത്തിലെ നിരവധി ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുവാനും ചലച്ചിത്ര രംഗത്തെ പ്രമുഖർ അടങ്ങിയ ജൂറികളുടെ പ്രശംസ നേടാനും എ ലോലിപോപ്പ് ഓഫ് സ്മൈൽ യൂണിറ്റി ഫ്രീഡത്തിന് കഴിഞ്ഞിട്ടുണ്ട്.

ബിഗ്‌ട്രിയുടെ ബാനറിൽ മുംബൈ സ്വദേശിനിയായ സീമാ പ്രസാദ് സ്ക്രിപ്റ്റ് എഴുതി ഈശ്വരി സന്തോഷ് നിർമ്മിച്ച ഷോർട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത് കനി എന്ന ഷോർട്ട് ഫിലിമിലൂടെ ശ്രദ്ധേയനായ ഇരുപത് വർഷത്തിലേറെ പരസ്യ-ബ്രാൻഡിംഗ് രംഗത്ത് പ്രവർത്തിക്കുന്ന തിരുവനന്തപുരം സ്വദേശി കൂടിയായ സന്തോഷ് എസ് കുമാർ (സന്തോഷ് ബിഗ്‌ട്രീ) ആണ്. സെയ്ത് ഷിയാസ് മിർസ ഛായാഗ്രഹണവും ടി.എസ് ജയരാജ് സംഗീതവും നിർവഹിക്കുന്ന ഈ ഷോർട്ട് മൂവിയിൽ വേദാന്തിക സന്തോഷ്, മീനു സന്തോഷ് , ഇഷാ സീന തുടങ്ങിയ നിരവധി അഭിനേതാക്കൾ പ്രധാന കഥാപാത്രങ്ങളാകുന്നു. ബിഗ്‌ട്രീയുടെ ബാനറിൽ നിരവധി പ്രോജക്ടുകളാണ് അണിയറയിൽ ഒരുങ്ങുന്നത് .