നടൻ മാമുക്കോയയുടെ നില ഗുരുതരമായി തുടരുന്നു. ഹൃദയാഘാതത്തിനൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവം കൂടിയതാണ് നില ഗുരുതരമാക്കിയത്. ഇന്നലെ മലപ്പുറം വണ്ടൂരിൽ ഫുട്ബോൾ മത്സരം ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
തുടർന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യ നില ഗുരുതരമായതിനാൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
മലയാളികളുടെ ജീവിതത്തിലേക്ക് തഗ് എന്ന വാക്ക് കടന്നുവരുന്നതിനും മുമ്പ് തഗ് ലൈഫ് എന്താണെന്ന് തന്റെ അഭിനയത്തിലൂടെ മലയാളികളെ പഠിപ്പിച്ച മറ്റൊരു നടനുണ്ടാവില്ല. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കണ്ണ് നിറയ്ക്കുകയും ചെയ്യിച്ച അനേകം കഥാപാത്രങ്ങൾ മാമുക്കയുടേതായുണ്ട്. പക്ഷെ മാമുക്കോയയെന്ന മലയാളിക്ക് ഗഫൂർക്കയാണ്.
തമാശയ്ക്കെങ്കിലും ഗഫൂർക്കാ ദോസ്തെന്ന് പറയാത്തവർ ചുരുക്കമായിരിക്കും. അദ്ദേഹം ചെയ്ത എല്ലാ വേഷങ്ങളേയും ഒരുപോലെ സ്നേഹിക്കുന്നതിനാൽ താരത്തിന്റെ കഥാപാത്രങ്ങളിൽ ഏതാണ് പ്രിയപ്പെട്ടതെന്ന് എടുത്ത് പറയാൻ ഏതൊരു സിനിമാ പ്രേമിക്കും പ്രയാസമായിരിക്കും.